അണ തുറക്കല്‍ ബൈനറികള്‍

അടുത്തിടെ നാം ഒരു വലിയ പ്രളയത്തെ നേരിടുകയുണ്ടായി. അതല്ല, അതിനു ശേഷം പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ആണ് ഈ പോസ്റ്റിനു ആധാരം, സര്‍ക്കാര്‍ ഡാം തിരക്കാന്‍ വൈകിയതാണ് പ്രളയം ഉണ്ടാകാന്‍ കാരണം എന്ന് ശക്തിയുക്തം വാദിക്കുന്നു ചിലര്‍. മറ്റു ചിലര്‍ ഡാം തുറന്നത് അനുയോജ്യമായ സമയങ്ങളില്‍ ഒന്നില്‍ ആണെന്നും വാദിക്കുന്നു. പല ചര്‍ച്ചകളേയും പോലെ ഇതും അത്യന്തം ധ്രുവീകരണം ശ്രിഷ്ടിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌.

cheruthoni dam എന്നതിനുള്ള ചിത്രം

ഏതൊരു ദുരന്തം/അപകടം/അത്യാഹിതം സംഭവിച്ചാലും - അത് മനുഷ്യര്‍ തമ്മിലുള്ളതോ പ്രകൃതി ദിരന്താമോ ആകട്ടെ - നാം അതിനെ നേരിടണം. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആപത്ഖട്ടം തരണം ചെയ്യണം. അതുകഴിഞ്ഞ് സ്ഥിതി ശാന്തമാകുമ്പോള്‍ നാം തിരിഞ്ഞു നോക്കണം. ആദ്യമായി നാം അന്വേഷിക്കേണ്ടത് എന്താണ്? സര്‍ക്കാരോ പൊതുസ്വഭാവം ഉള്ള ഏതെങ്കിലും സ്ഥാപനമോ പൊതുസമൂഹത്തിന്റെ ക്ഷേമത്തിന്/താല്പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും തീരുമാനം കൈക്കൊണ്ടത് മൂലമാണോ അപകടം സംഭവിച്ചത് എന്നതാവാം അത്. അതില്‍ത്തന്നെ പെടുത്താവുന്ന ഒരു കാര്യമാണ് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല വിദഗ്ദാഭിപ്രായം തേടിയോ/വിനോയോഗിച്ചോ എന്നത്. ഈ കാര്യങ്ങളില്‍ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഒരു വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നാം വിമര്‍ശനരൂപേണ അത് ചൂണ്ടിക്കാണിക്കുക തന്നെ വേണം. അങ്ങനെ ഒരു വീഴ്ചയുടെ ഭാഗമായി ഏതെങ്കിലും ഒരു വിഭാഗം ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുന്ടെങ്കില്‍ നാം ചിലപ്പോള്‍ അപകടത്തെ മറ്റു പേരുകള്‍ പറഞ്ഞു വിളിക്കും. ഗുജറാത്ത് കലാപത്തെ പലരും പോഗ്രം എന്ന് വിളിക്കുന്നതുപോലെ. പ്രളയ കാര്യത്തില്‍ എന്തായാലും ആര്‍ക്കും അങ്ങനെ സര്‍ക്കാരിന്റെ  ഭാഗത്തുനിന്നു ഒരു ടാര്‍ഗറ്റിംഗ് ഉള്ളതായി പരാതിയില്ല. അങ്ങനെ ഒരു ആരോപണം പോലും ഇല്ല.

അപ്പോള്‍ അടുത്ത ചോദ്യത്തിലേക്ക് വരാം. പ്രളയകാലത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്തിരുന്നെങ്കില്‍ അപകടത്തിന്റെ തോത് കുറക്കാന്‍ സാധിക്കുമായിരുന്നോ എന്നതാവാം അത്. പ്രലയവുമായി ഒരു ബന്ധവും ഇല്ലെങ്കിലും മറ്റു പല വിഷയങ്ങളിലും സമാനമായ വിശകലനം ആവശ്യമായി വരാറുണ്ട്. അങ്ങനെ ഒരു വിഷയം മെഡിക്കല്‍ രംഗത്തെ സര്‍ജറികള്‍ ആണ്. ചില സര്‍ജറികള്‍ പരാജയപ്പെടാറുണ്ട്. രോഗികള്‍ മരിക്കാറുണ്ട്. മെഡിക്കല്‍ രംഗത്തെ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍ക്കട്ടെ. ചില പരാജയപ്പെട്ട സര്‍ജരികള്‍ക്ക് ശേഷം മെഡിക്കല്‍ പാനല്‍ എന്നൊരു സംഗതി കൂടാറുണ്ടത്രെ. എന്തുകൊണ്ട് പരാജയം സംഭവിച്ചു എന്ന് വിലയിരുത്താന്‍ ആണത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്തിരുന്നെങ്കില്‍ പരാജയം ഒഴിവാക്കാന്‍ ആകുമായിരുന്നോ എന്ന് അവര്‍ ആലോചിക്കും. മിക്കപ്പോഴും എന്തെങ്കിലും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യും. പരാജയപ്പെട്ട സര്‍ജറിയുടെ കാര്യത്തിലോ പ്രളയത്തിന്റെ കാര്യത്തിലോനാം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് സംഭവശേഷം കണ്ടെത്തിയാല്‍ അതിന്റെ അര്‍ഥം സംഭവം ഒരു ഗൂഡാലോചനയുടെ ഫലം ആയിരുന്നു എന്നല്ല അര്‍ഥം. നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണ്.

kerala floods എന്നതിനുള്ള ചിത്രം

ഏതൊരു delicate കാര്യത്തിലും പല ഖടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുദാഹരണം പറയാം. നാം ഡാം നേരത്തെ തുറന്നു എന്ന് വെക്കുക. അന്നത്തെ ദിവസം സങ്കല്‍പ്പിക്കുക. തുറക്കലിന്റെ ഭാഗമായി നാം അനവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കെണ്ടിവരും. അവര്‍ക്ക് താല്‍ക്കാലിക ക്യാമ്പുകള്‍ ഒരുക്കേണ്ടി വരും. ചിലരുടെ വീടുകള്‍ക്ക് ചിലപ്പോള്‍ കേടുപാടുകള്‍ സംഭവിക്കും, വെള്ളത്തിന്റെ കുത്തൊഴുക്കില്‍. തൊട്ടടുത്ത ദിവസം മഴ കുറഞ്ഞാലോ. ഡാം പിന്നീട് തുറക്കെണ്ടിവരുന്ന സാഹചര്യം വന്നില്ലെങ്കിലോ. ആ നേരത്തെ തുറക്കല്‍ ഒഴിവാക്കാമായിരുന്നു എന്ന് തീര്‍ച്ചയായും ന്യായമായും വാദങ്ങള്‍ വരും. അത് മാത്രവുമല്ല നേരത്തെ തുറന്നു ഒരു പ്രദേശത്തെ ജനങ്ങളെ അനാവശ്യമായി ദുരിതത്തില്‍ ആഴ്ത്തി എന്നും പഴി കേള്‍ക്കേണ്ടി വരും. ഡാം തുറക്കല്‍ ഏറ്റവും വൈകിക്കണം എന്നല്ല പറയുന്നത്. നേരത്തെ തുറക്കല്‍ എന്നുള്ളത് ചുമ്മാ എളുപ്പം ഉള്ള കാര്യമല്ല എന്നത് മാത്രമാണ്. പ്രളയത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയില്‍ ഇത്തരം ഖടകങ്ങള്‍ ഒന്നും വരുന്നില്ല. അന്നെതെ ദിവസത്തെ ചിന്തയില്‍ മഴ കുറയുമോ എന്ന് ആളുകള്‍ ചിന്തിച്ചിരുന്നെങ്കില്‍ അത് മണ്ടത്തരം ആയിട്ടാവും ഇപ്പോള്‍ നമുക്ക് തോന്നുന്നത്. ഇതിനെ hindsight bias എന്ന് പറയും.

hindsight bias എന്നതിനുള്ള ചിത്രം

പറഞ്ഞു വന്നത് വിദഗ്ധര്‍ ഇഴകീറി ഡാം തുറക്കല്‍ തീരുമാനത്തിനെ പരിശോധിക്കരുത് എന്നല്ല. അവര്‍ പരിശോധിക്കണം. വ്യത്യസ്തമായി എന്ത് ചെയ്യാമായിരുന്നു എന്ന് കണ്ടെത്തണം. പക്ഷെ അത് ആരെയും പ്രതിയായി പ്രഖ്യാപിച്ചു കൊണ്ടാവരുത്. പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ആവണം. ഓരോ ദുരന്തങ്ങളും നമ്മെ ഓരോന്ന് പഠിപ്പിക്കും. വിശകലനത്തിലൂടെ നാം ചിലപ്പോള്‍ അറിയാവുന്ന ഖടകങ്ങളുടെ അറിയാത്ത ഫലങ്ങള്‍ കണ്ടെത്തും. ചിലപ്പോള്‍ അറിയാതിരുന്ന പുതിയ ഖടകങ്ങള്‍ (unknown unknowns) തന്നെയും കണ്ടെത്തും. ഒരു ബന്ധവും ഇല്ലെന്നു നേരത്തെ കരുതിയിരുന്ന ചില കാര്യങ്ങള്‍ തമ്മിലുള്ള ബന്ധം നമുക്ക് കാണിച്ചു തരും. അടുത്ത വര്ഷം മഴ വന്നാല്‍ കൂടുതല്‍ കരുത്തോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ അതിനെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കും. ചുരുക്കത്തില്‍ സംഭാവശേഷമുള്ള അന്വേഷണങ്ങള്‍ നമ്മെ പുരോഗതിയിലേക്ക് നയിക്കും.

തീരുമാനങ്ങളുടെ ശരി തെറ്റിലേക്ക് വീണ്ടും വരാം. ഡാം തുറക്കല്‍ പോലെയുള്ള വിഷയങ്ങളില്‍ ഒരു തീരുമാനം മാത്രം ശരിയും മറ്റെല്ലാം തെറ്റും എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ബൈനറി ലെന്‍സ്‌ തീര്‍ത്തും ഒഴിവക്കപ്പെടെണ്ടാതാണ്. വലിയ തരക്കേടില്ലാത്ത അനവധി സാദ്ധ്യതകള്‍ ആണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുക. ബൈനറി ചിന്തക്കാര്‍ക്ക് ഇത്തരം അനവധി സാദ്ധ്യതകള്‍ എന്നത് ദഹിക്കാറില്ല. അവരെ അത് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നത് ഒരുപക്ഷെ ഒരല്‍പം മടുപ്പ് ഉളവാക്കുന്നതും ഒട്ടും തന്നെ വിജയിക്കാന്‍ സാധ്യത ഇല്ലാത്തതും ആയ ഒരു ഉദ്യമം ആയിരിക്കും. ഇത്തരം ബൈനറി ചിന്തക്കാര്‍ ആണ് പലപ്പോഴും ചര്‍ച്ചകളില്‍ അനാവശ്യമായ ധ്രുവീകരണം ശ്രിഷ്ടിക്കുന്നത്. എന്‍റെ അഭിപ്രായത്തില്‍ അവരോടു സംവദിക്കാതിരിക്കുന്നതാണ് നല്ലത്. ആ ബൈനറി തടവറയില്‍ നിന്ന് അവര്‍ എന്നെങ്കിലും മോചനം നേടും എന്നും nuance എന്നതിന്റെ അര്‍ഥം മനസ്സിലാക്കും എന്ന് ആശിക്കുക, ആശംസിക്കുക. അത്രയും മാത്രമേ ചെയ്യാനുള്ളൂ. 

Comments

Popular posts from this blog

എന്തുകൊണ്ട് ചരിത്രം പഠിക്കണം?

ജൈവകൃഷി

ബോധവും ബോധമില്ലാത്ത (നിര്‍മ്മിത) ബുദ്ധിയും