പ്രത്യയശാസ്ത്ര തുല്യ ബഹുമാന വാദങ്ങള്‍!
നമ്മുടെ ഇടയില്‍ അനേകം പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടെല്ലോ. ചിലര്‍ക്ക് ചിലതിനോട് കൂടുതല്‍ മമതയും, ഒരു പക്ഷെ വിശ്വാസം തന്നെയും ഉണ്ടാവും. അടുത്തിടെ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കയ്യാളുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. ഹിന്ദുക്കളുടെ രാജ്യം ആണ് ഇന്ത്യ എന്നും, ഹിന്ദുക്കള്‍ അല്ലാത്തവര്‍ നേരത്തെ ഹിന്ദുക്കള്‍ ആയിരുന്നു എന്നും ഹിന്ദുസ്വത്വവും ഇന്ത്യന്‍ രാജ്യവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നും വാദിക്കുന്നു അവര്‍. ഇവര്‍ക്ക് രാഷ്ട്രീയസ്വാധീനം വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ പല ചര്‍ച്ചകളിലും അവരുടെ സ്വരം ഇപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ട്.
അത്തരം ചര്‍ച്ചകളില്‍ കണ്ടുവരുന്ന ഒരു തരം വാദം ആണ് തുല്യ ബഹുമാനവാദം. (ഇടതുപക്ഷ) മനുഷ്യത്വവാദികളും (അതിന്റെ പല വ്യത്യസ്ത ചേരുവകളും, അവതാരങ്ങളും) ഹിന്ദുത്വ വാദികളായ തങ്ങളും തുല്യ ബഹുമാനം അര്‍ഹിക്കുന്നവരാന് എന്നും അവരവര്‍ക്ക് അവരവരുടെ പ്രത്യയശാസ്ത്രം ഉണ്ടെന്നും ഒന്നും മറ്റൊന്നിനും മേലെ അല്ലെന്നും വാദിക്കുന്നതായും കേള്‍ക്കുന്നു.
സത്യത്തില്‍ അങ്ങനെ തുല്യബഹുമാനം നല്‍കേണ്ടതുണ്ടോ? നാളെ ഒരാള്‍ ആര്യന്‍, ദ്രവീടിയന്‍ മേല്‍ക്കോയ്മ വാദം കൊണ്ടുവന്നാല്‍ അതിനും നാം ഈ പറഞ്ഞ തുല്യബഹുമാനം നല്‍കണോ?
ഈ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സ്ഥിതിസമത്വ വാദം ഒരു പൊള്ളത്തരം ആണെന്നാണ് എന്റെ അഭിപ്രായം. മനുഷ്യനെ വിഭജിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ അങ്ങനെ തുല്യബഹുമാനം പറഞ്ഞോണ്ട് വരേണ്ടതില്ല, അവര്‍ക്ക് അങ്ങനെ തുല്യബഹുമാനം നല്‍കേണ്ടതും ഇല്ല. എല്ലാ പ്രത്യയശാസ്ത്രങ്ങളിലും മിത്തുകള്‍ ഉണ്ട്. മനുഷ്യതുല്യത എന്ന മിത്ത് വച്ചുപുലര്‍ത്തുന്ന മാനുഷികതയും ഹിന്ദു അപ്രമാദിത്യം എന്ന മിത്ത് വെച്ച് പുലര്‍ത്തുന്ന ഹിന്ദുത്വവും രണ്ടു വ്യത്യസ്ത മിത്തുകള്‍ തന്നെ. ജീവശാസ്ത്രപരമായി എല്ലാ മനുഷ്യരും തുല്യരും അല്ല, ഹിന്ദുക്കള്‍ കേമന്മാരും അല്ല. ആ രീതിയില്‍ നോക്കിയാല്‍ രണ്ടും മിത്തുകള്‍ ആണെങ്കിലും ഈ മിത്തുകള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ട്. മനുഷ്യരില്‍ ഒരു വിഭാഗത്തിന്റെ മേന്മ ശഠിക്കുന്ന മിത്തുകള്‍ ചരിത്രത്തില്‍ കൂടുതല്‍ ചോര വീഴ്ത്തിയിട്ടെ ഉള്ളു. ആര്യന്‍ മേന്മ പറച്ചില്‍ മുഖേന ഹിട്ലര്‍ കാണിച്ചുകൂട്ടിയതൊക്കെ കഴിഞ്ഞിട്ട് ഏതാനും ദശാബ്ദങ്ങള്‍ ആവുന്നെയുള്ളൂ. മനുഷ്യതുല്യതവാദം വെച്ച് പുലര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങള്‍ പൊതുവില്‍ ചരിത്രത്തില്‍ ഉണ്ടാക്കിയ ചോരപ്പാടുകള്‍ കുറവാണ്. മാത്രവുമല്ല, അവയുടെ കാലഖട്ടത്തില്‍ മനുഷ്യജീവിതം വളരെ മെച്ചപ്പെട്ടു. അത് കാണാതെ പോകുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ ആണ്.
ഇനി ഈ മനുഷ്യത്വവാദം ഒരു പ്രശ്നവും ഇല്ലാത്ത വാദം ആണോ? അതിനെ വിമര്‍ശിക്കാന്‍ പാടില്ലേ? അങ്ങനെ ഒട്ടും പറയാന്‍ വയ്യ. മനുഷ്യത്വ വാദത്തിന്റെ നാളുകള്‍ മനുഷ്യന് ഗുണം ആണ് ഉണ്ടാക്കിയത് എങ്കിലും ചുറ്റുമുള്ള ജീവികളുടെ കാര്യത്തില്‍ ഒട്ടുമേ അങ്ങനെയല്ല. കഴിഞ്ഞ നൂറു വര്‍ഷത്തില്‍ വംശനാശം വന്നു പോയത്ര ജീവികള്‍ അതിനു മുമ്പുള്ള ഒരു നൂറ വര്‍ഷത്തിലും ഉണ്ടാവില്ല. അതുകൊണ്ട് അതിനെ വിമര്‍ശിക്കണം. പക്ഷെ, അത് മനുഷ്യരില്‍ ഒരു വിഭാഗത്തിന്റെ മേന്മ പറഞ്ഞുകൊണ്ടാവരുത്. നാം മുന്നോട്ടാണ് പോവേണ്ടത്. പഴഞ്ചന്‍ തത്വശാസ്ത്രങ്ങള്‍ക്ക് തുല്യ ബഹുമാനം അനുവദിച്ചാല്‍ അത് ദോഷമേ ചെയ്യു. അങ്ങനെ ഒരു തുല്യബഹുമാനവും ആവശ്യമില്ല.
Comments
Post a Comment