വ്യാജവാര്‍ത്തായുഗം താനേ പോകുമോ?
വ്യാജവാര്‍ത്തയുടെ കാലം ആണല്ലോ ഇത്. ഏതു വിഷയത്തിലും വ്യാജവാര്‍ത്ത സര്‍വസാധാരണം ആയിരിക്കുന്നു. മികച്ച പ്രധാനമന്ത്രി എന്നൊക്കെയുള്ള ഇല്ലാത്ത അവാര്‍ഡുകള്‍ ഉണ്ടെന്നു ആളുകള്‍ പറഞ്ഞു നടക്കുന്നു. ചിലര്‍ വ്യാജവാര്‍ത്തകളിലെ പതിര് തുറന്നു കാണിക്കുന്നു. പക്ഷെ, ഒരു കുറവും ഇല്ലാതെ വീണ്ടും പലതരം വ്യാജവാര്‍ത്ത വരുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ കാണുന്നത് വിശ്വസിക്കണോ എന്ന് തീരുമാനിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.


ഇതിനിടെ പലരും പറഞ്ഞു കേള്‍ക്കാറുള്ള ഒരു വാദം ആണ്: വ്യാജവാര്‍ത്തയുടെ യുഗം ഒരു പ്രളയമോ കൊടുങ്കാറ്റോ പോലെയാണത്രെ. അത് ശക്തിയില്‍ വീശി പോകുമത്രേ. അത് കഴിഞ്ഞാല്‍ വീണ്ടും നാം വ്യാജവാര്‍ത്ത ഇല്ലാത്ത നാളുകളിലേക്ക് തിരികെയെത്തും, ജീവിതം മുന്നോട്ടുപോകും. അങ്ങനെ ആയാല്‍ നന്ന് എന്ന കാര്യത്തില്‍ നമുക്ക് യോജിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ, ഒന്നും ചെയ്യാതിരുന്നാല്‍ പെയ്തൊഴിഞ്ഞു പോകുന്ന ഒരു പേമാരി ആണോ വ്യാജവാര്‍ത്ത? അതോ അത് പുതിയ കാലത്തിന്റെ സഹജമായ ഒരു സ്വഭാവം ആണോ?
വ്യാജവാര്‍ത്ത പ്രചരിക്കുന്നത് കൂടുതലായും സോഷ്യല്‍ മീഡിയ, പുതിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയിലൂടെയാണ്. പത്രം, ടി വി പോലെയുള്ള മറ്റു മാധ്യമങ്ങളെ പോലെ അവയ്ക്ക് ഒരു നല്ല നിയന്ത്രണ വ്യവസ്ഥ ഒന്നും നിലവിലില്ല. (ടി വി മാധ്യമങ്ങള്‍ക്കുള്ള ക്കുള്ള നിയന്ത്രണം പര്യാപ്തമാണോ എന്ന് പരക്കെ ചിന്തിക്കപ്പെടുന്ന കാലം കൂടിയാണ് ഇത്). നിയന്ത്രണം കൊണ്ടു വരിക എന്നത് അത്രയ്ക്ക് പ്രായോഗികവുമല്ല. കാരണം മുഴുവന്‍ സമയ മാധ്യമ തൊഴിലാളികള്‍ അല്ല ഇവയൊക്കെ ചലിപ്പിക്കുന്നത്. ആര്‍ക്കും ഫേസ്ബുക്ക് ലൈവില്‍ വരാം, എന്തും പറയാം, അതൊക്കെ നിയന്ത്രിക്കണം എന്ന് പറഞ്ഞാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റം ആയി സ്വാഭാവികമായും വ്യാഖ്യാനിക്കപ്പെടും (അങ്ങനെ തന്നെ വ്യാഖ്യാനിക്കണം എന്നും കൂടി പറയട്ടെ). അതുകൊണ്ട് നിയന്ത്രണത്തിന്റെ കാര്യം അത്രയൊന്നും പ്രായോഗികമല്ല.
രണ്ടാമത്തെ കാര്യം, എന്താണ് ഈ ഓണ്‍ലൈന്‍ ലോകത്തിലെ പ്രേരക ഘടകങ്ങള്‍. വ്യക്തിയുടെ പ്രേരകം എന്താണ് എന്ന് നോക്കുകയാണെങ്കില്‍ ലൈക്, ഷെയര്‍ എന്നിവയുടെ എണ്ണം എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ, ഒരു പബ്ലിഷര്‍ എന്ന നിലയില്‍ നോക്കുകയാണെങ്കില്‍ സംഗതി വേറെയാണ്. ഫേസ്ബുക്കിന്റെ ആവശ്യം ഏറ്റവും കൂടുതല്‍ ആളുകളെ ഏറ്റവും കൂടുതല്‍ സമയം തങ്ങളുടെ സൈറ്റില്‍ ചിലവഴിപ്പിക്കുക എന്നതാണ്. എത്ര കൂടുതല്‍ സമയം ഒരാള്‍ നില്‍ക്കുന്നുവോ അത്രെയും കൂടുതല്‍ ആണ് പരസ്യം ക്ലിക്ക് ചെയ്യാനുള്ള സാധ്യത. നാം ഒരു ബ്ലോഗ് തുടങ്ങുന്നു എന്ന് വെക്കുക. ഗൂഗിളിന്റെ ഒരു ആട് സെന്‍സ് എന്ന ഒരു സംഗതി പലരും എനേബിള്‍ ചെയ്യും. അത് മുഖേന ഗൂഗിള്‍ നമ്മുടെ ബ്ലോഗ്ഗില്‍ പരസ്യങ്ങള്‍ കാണിക്കും. ആളുകള്‍ നമ്മുടെ ബ്ലോഗ് കൂടുതല്‍ സന്ദര്‍ശിക്കുക ആണങ്കില്‍ അവര്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്തേക്കാം. ഗൂഗിള്‍ അങ്ങനെ കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കു നമുക്ക് നല്‍കും. ഇങ്ങനെ ഒരു സംവിധാനം യൂടുബിലും ഉണ്ട്, അതാണ് സന്തോഷ് പണ്ഡിറ്റ് ഇടയ്ക്കിടെ യൂ ടുബിലൂടെ പണം ഉണ്ടാക്കി എന്ന് പറയുന്നത്. പറഞ്ഞുവരുമ്പോള്‍ എല്ലാത്തിലും പ്രേരകം പരസ്യം തന്നെ. കൂടുതല്‍ ആളുകളെ കൂടുതല്‍ സമയം വെബ്‌സൈറ്റില്‍ ചിലവഴിപ്പിച്ചാല്‍ പരസ്യ വരുമാനം കൂടും. മുതലാളിത്ത വ്യവസ്ഥയിലെ ഏക കലാരൂപം എന്ന് പരസ്യത്തെക്കുറിച്ച് പറയാറുണ്ട് (അടുത്തിടെ സുനില്‍ പി ഇളയിടം അങ്ങനെ വിശേഷിപ്പിക്കുന്നതും കേട്ടിരുന്നു), അത് തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെയും നയിക്കുന്നത്.
എങ്ങനെയാണ് ആളുകളെ കൂടുതല്‍ സമയം ഒരിടത്തു ചിലവഴിപ്പിക്കുന്നത്?. അയാള്‍ക്ക് ഇഷ്ടമുള്ളത് നല്‍കണം. പറോട്ട ബീഫ് ഇഷ്ടമുള്ളയാള്‍ നല്ല പറോട്ട ബീഫ് കിട്ടുന്ന ഹോട്ടലില്‍ കൂടുതല്‍ തവണ സന്ദര്‍ശിക്കും. കൂടുതല്‍ കഴിക്കും. അതുപോലെ, സന്ദര്‍ശകരെ ആകര്‍ഷിക്കണമെങ്കില്‍ നാം അവര്‍ക്കിഷ്ടമുള്ളത് കൊടുക്കണം, ഇഷ്ടമുള്ളത് എഴുതണം. പ്രേരകം ആയുള്ളതു സന്ദര്‍ശകരുടെ ഇഷ്ടം ആണ് എന്നത് പ്രത്യേകം എടുത്തു പറയുമ്പോള്‍ തന്നെ നാം എടുത്തു പറയാത്ത ഒരു കാര്യം ഉണ്ട് - സത്യാവസ്ഥ/വസ്തുതാപരത. സത്യം പറയണം എന്നത് ഒരു പ്രേരകം അല്ല, പൊതുവില്‍ സമൂഹത്തിനു ഇഷ്ടമുള്ളത് വിളമ്പിയാല്‍, അതെത്ര സത്യവിരുദ്ധം ആണെങ്കിലും, നിങ്ങള്‍ക്കു സന്ദര്‍ശകരെ കിട്ടും, പരസ്യവരുമാനം വര്‍ധിക്കും. അങ്ങനെ ഈ പരസ്യ പ്രേരകം വഴി ഓണ്‍ലൈന്‍ ഇടങ്ങള്‍ സുഖമുള്ള അസത്യങ്ങളെ അത്രെയൊന്നും സുഖകരം അല്ലാത്ത സത്യങ്ങള്‍ക്ക് മുകളില്‍ സ്ഥാനം നല്‍കുന്നു. പൊതുസമൂഹത്തിന്റെ വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്ന വാര്‍ത്ത കൂടുതലായി നിര്‍മിക്കപ്പെടുന്നു, അവയ്ക്ക് വസ്തുതകളുടെ പിന്‍ബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും. കണ്‍ഫര്മേഷന്‍ ബയാസ് എന്നൊരു ചിന്താവൈകല്യവുമായി ഇതിനു ബന്ധമുണ്ട്. ഓണ്‍ലൈന്‍ ഇടങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. ഇക്കിളിപ്പെടുത്തുന്ന ശീര്‍ഷകങ്ങള്‍ ചെയ്യുന്നതും ഇതൊക്കെ തന്നെ; കൂടുതല്‍ ക്ലിക്കുകള്‍, കൂടുതല്‍ പരസ്യവരുമാനം.

ചില വ്യാജവാര്‍ത്തകള്‍ ഏറെ സമയം നിലനില്‍ക്കും. ചിലവ പെട്ടെന്ന് തന്നെ പൊളിച്ചടുക്കപ്പെടും. അങ്ങനെ പെട്ടെന്ന് തന്നെ പൊളിഞ്ഞു പോകുന്ന വ്യാജവാര്‍ത്ത കൊണ്ട് എന്ത് ഗുണം എന്ന് നാം ചിലപ്പോള്‍ ചിന്തിച്ചേക്കാം. എന്തിനാണ് ഇത്രെയും പെട്ടെന്ന് പൊളിഞ്ഞു പോകുന്ന ഒരു വ്യാജവാര്‍ത്ത ഒരാള്‍ ചമച്ചത് തന്നെ? ഈയിടെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ ഒരു പഠനം നടത്തി; തെറ്റാണെന്ന് തെളിയിക്കപ്പെടുന്ന വ്യാജവാര്‍ത്തയുടെ സ്വാധീനം പഠിക്കാന്‍ ആയിരുന്നു അത്. അവര്‍ ഒരു കൂട്ടം ആളുകളെ വിളിച്ചു ഒരു കഥ പറഞ്ഞു. നതാലി എന്നൊരു നേര്സ് ആണ് കഥാപാത്രം. അവര്‍ ഒരു നല്ല നേര്സ് ആയിരുന്നു. പക്ഷെ, അവര്‍ ഇടയ്ക്കിടെ ആശുപത്രിയില്‍ നിന്ന് സാധനങ്ങള്‍ ഒളിച്ചു കടത്തുമായിരുന്നത്രേ. അതൊക്കെ പുറത്തു വിപണിയില്‍ വിറ്റ് കാശാക്കി നല്ല വസ്ത്രങ്ങള്‍ മേടിക്കാന്‍ ഉപയോഗിക്കും. ഇത്രെയും പറഞ്ഞതിന് ശേഷം ശാസ്ത്രഞ്ജര്‍ ആളുകളോട് നതാലിയുടെ വിശ്വസ്തത വിലയിരുത്താന്‍ പറഞ്ഞു. സ്വാഭാവികമായി ആര്‍ക്കും നതാലി അത്ര വിശ്വസ്തയായി തോന്നിയില്ല. അത് കഴിഞ്ഞ ഉടനെ ആണ് ആളുകളോട് വെളിപ്പെടുത്തിയത്, നതാലിയുടെ കളവുമായി ബന്ധപ്പെട്ട കഥ അവരുടെ ഒരു സഹപ്രവര്‍ത്തകന്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന്. സത്യത്തില്‍ നതാലി അങ്ങനെ ഒരു കളവും ചെയ്തിരുന്നില്ലത്രേ. ഒന്നുകൂടി നതാലിയുടെ വിശ്വസ്തതയുടെ വിലയിരുത്തലുകള്‍ ആളുകളുടെ അടുത്ത് നിന്ന് ശേഖരിച്ചു. എന്നിട്ട് ഈ വ്യാജവാര്‍ത്ത പറഞ്ഞു കൊടുത്തിട്ടില്ലാത്ത മറ്റൊരു കൂട്ടം ആളുകള്‍ നതാലിയുടെ വിശ്വസ്തതയെ വിലയിരുത്തിയതുമായി തട്ടിച്ചു നോക്കി. അവിടെയാണ് ഒരു വിചിത്രമായ പ്രവണത ശ്രദ്ധയില്‍ പെടുന്നത്. കളവുവാര്‍ത്ത കേട്ടവര്‍ വാര്‍ത്ത വ്യാജം ആണെന്ന് അറിഞ്ഞിട്ടു പോലും നതാലിയെ അത്ര വിശ്വസ്തയായി കരുതിയില്ല. 'ഇനിയെങ്ങാനും അത് വ്യാജവാര്‍ത്ത അല്ലെങ്കിലോ' എന്ന് അവര്‍ കരുതിയിട്ടുണ്ടാകുമോ? സ്വന്തം വ്യാജവാര്‍ത്ത വിശ്വസിച്ചുപോകുന്ന സലിം കുമാര്‍ കഥാപാത്രം 'എങ്ങാനും ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ' എന്ന് ചിന്തിക്കുന്നപോലെ. ചുരുക്കി പറഞ്ഞാല്‍, വ്യാജവാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍ അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലും, അത് നിങ്ങളില്‍ സ്വാധീനം തുടര്‍ന്നും ചെലുത്തിയേക്കാം. വ്യാജവാര്‍ത്ത പൊളിച്ചടുക്കപ്പെടുമ്പോള്‍ അതിന്റെ സ്വാധീനം കുറയുമെങ്കിലും തീര്‍ത്തും ഇല്ലാതാവുന്നു എന്ന് പറയാന്‍ സാധിക്കയില്ല. അത് തന്നെയാവും ഒരു പക്ഷെ വ്യാജവാര്‍ത്ത നിര്‍മിതിയുടെ ഒരു പ്രേരകം.
പൊതുസമൂഹത്തിന്റെ വിശ്വാസങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന വാര്‍ത്തകള്‍ നിര്‍മ്മിക്കാന്‍ പരസ്യവരുമാനം എന്ന പ്രേരകം നിലനില്‍ക്കുന്നു. അവ അപനിര്‍മിക്കപ്പെട്ടാലും അവയുടെ സ്വാധീനം നിലനില്‍ക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കില്‍ വ്യാജവാര്‍ത്ത തനിയെ മാഞ്ഞുപോകും എന്ന് ചിന്തിക്കാം സാധിക്കുമോ? ഇല്ലെന്നു തന്നെ കരുതേണ്ടിവരും.
Comments
Post a Comment