കോവിഡ് ചാർട്ടേർഡ് വിമാനങ്ങളും നൈതിക ചോദ്യങ്ങളും

കേരള സർക്കാർ ലോക്ക്ഡൗൺ കാലത്തു നടത്തിയ കണക്കെടുപ്പ് പ്രകാരം യാത്ര സാധ്യമാകുമ്പോൾ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ അഞ്ചു ലക്ഷം ആണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഒരു പകുതി പോലും വരില്ല ഇതുവരെ തിരിച്ചുവന്നവരുടെ സംഖ്യ. പല യാത്രകൾക്കും വിലങ്ങുതടിയായി നിന്നതു വിമാനങ്ങളുടെ ലഭ്യത ആയിരുന്നു. അത് പരിഹരിക്കാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവാസി സംഘടനകളുടെ  ശ്രമത്താൽ ചാർട്ടേർഡ് വിമാനങ്ങൾ സാധ്യമായിട്ടുണ്ട്. ഇത്തരം ചാർട്ടേർഡ് വിമാന യാത്രകൾ വരുന്ന ആഴ്ചകളിൽ കൂടാനാണ് സാധ്യത. ഒരു മഹാമാരിയുടെ കാലഘട്ടത്തിൽ ആളുകളെ സ്വദേശത്തേക്കു തിരികെയെത്തിക്കുക എന്നത് എപ്പോഴും വേണ്ടിവരുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ അങ്ങനെയൊരു സാഹചര്യത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്കുമേൽ എന്ത് നിയന്ത്രണങ്ങൾ ആണ് അഭികാമ്യം എന്ന  കാര്യത്തിൽ ഒരു അഭിപ്രായസമന്വയം പൊതുമണ്ഡലത്തിൽ ഉരുത്തിരിയേണ്ടതുണ്ട്. അങ്ങനെ പല ചർച്ചകളും ഇന്ന് കേരളത്തിൽ നടക്കുന്നുമുണ്ട്. അത്തരം ചർച്ചകളെ നിയന്ത്രിക്കേണ്ട ചില അടിസ്ഥാനപരമായ നൈതികസമസ്യകൾ ഉയർത്തുന്നതിനാണ് ഈ കുറിപ്പ്.



അടിസ്ഥാനപരമായ ചോദ്യം ചാർട്ടേർഡ് വിമാനങ്ങളെ എങ്ങനെ കാണണം എന്നാണ്. ഇതിൽ വിശാലമായ അർത്ഥത്തിൽ രണ്ടു വ്യത്യസ്ത സാദ്ധ്യതകൾ ആണുള്ളത്. ഒന്നാമത്, അവയെ സാധാരണകാലത്തെ യാത്രാവിമാനങ്ങൾ പോലെ കാണുക എന്നതാണ്. ഈ കാലത്തെ ഡിമാൻഡ്  അനുസരിച്ചു വില നിർണയിക്കാൻ നടത്തിപ്പുകാർ അനുവദിക്കുക, അതിനനുസരിച്ചു വില കൊടുത്തു ടിക്കറ്റ് വാങ്ങാൻ ആളുകളെയും. തീർത്തും വിപണിക്ക് വിട്ടുകൊടുക്കുന്ന ഒരു സമീപനം ആണിത്. രണ്ടാമത്, സർക്കാർ രംഗത്തെ തിരിച്ചെത്തിക്കൽ (repatriation) നടപടികളുടെ അപര്യാപ്തത പരിഹരിക്കാൻ ഉള്ള ഒരു മാർഗം ആയി ചാർട്ടേർഡ് വിമാനങ്ങളെ കാണുക എന്നതാണ്. അതായത് സർക്കാർ മേഖലയിലെ വിമാനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്ന കർത്തവ്യം നിർവഹിക്കുന്ന ഒരു സംവിധാനം ആയി ഇവയെ കാണുക.


ഇന്ന് കേരളത്തിൽ ആദ്യത്തെ ഉത്തരത്തിനു സ്വീകാര്യത കുറവാണ്; അത് നല്ല കാര്യം തന്നെ. പക്ഷെ, ആ ഉത്തരത്തിലേക്കു വിരൽ ചൂണ്ടുന്ന പല വാദങ്ങളും പൊതുമണ്ഡലത്തിൽ അടുത്തിടെ ഉയർന്നു കേട്ടിരുന്നു. വിപണിക്ക് അനുകൂലമായി നിൽക്കുന്ന ആദ്യ ഉത്തരത്തിലേക്കു ചാല് കീറുന്ന വാദങ്ങൾ  ആധിപത്യം നേടാതിരിക്കാൻ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനോടൊപ്പം ചാർട്ടേർഡ് വിമാനങ്ങളുടെ കാര്യത്തിലെ നമ്മുടെ കാഴ്ചപ്പാടിലും അവയോടുള്ള നയത്തിലും ഒരു വ്യക്തത വേണ്ടതുണ്ട്.



രണ്ടാമത്തെ ഉത്തരം ആണ് നാം സ്വീകരിക്കുന്നത് എങ്കിൽ അതിലൂടെ അർത്ഥമാക്കുന്നത് പല തരത്തിലുള്ള നിയന്ത്രങ്ങൾക്കു വിധേയമായി വേണം ചാർട്ടേർഡ് വിമാനങ്ങൾ പ്രവർത്തിക്കാൻ എന്നാണ്. ആ രീതിയോട് ചേർന്ന് ഇന്ന് തന്നെ ചില നിയന്ത്രണങ്ങൾ ഉണ്ട്. രണ്ടു പ്രധാന നിബന്ധനകൾ നിരക്കിന്റെയും യാത്രക്കാരുടെ തിരഞ്ഞെടുപ്പിന്റെയും കാര്യത്തിൽ ഉള്ളവയാണ്. ടിക്കറ്റ്  നിരക്കിന്റെ കാര്യത്തിൽ വന്ദേ ഭാരത് വിമാനങ്ങളുടെ (സർക്കാർ വക തിരിച്ചെത്തിക്കൽ നടപടികൾ നടത്തുന്നത് ഈ പദ്ധതിയിലൂടെയാണ്) നിരക്കിനോട് ഏകദേശം ചേർന്ന് നിൽക്കണം എന്നതാണ് ആദ്യത്തെ നിബന്ധന. ഈ നിബന്ധന തിരിച്ചെത്തിക്കൽ  നടപടികളിൽ ഒരു വർഗ്ഗവ്യത്യാസം (class difference) ഒഴിവാക്കാൻ ആണെന്ന് മനസിലാക്കാം. വന്ദേ ഭാരത് വിമാനത്തിന് ടിക്കറ്റ് എടുക്കാൻ പ്രാപ്തിയുള്ള ആൾക്കു പ്രാപ്യമായിരിക്കണം ചാർട്ടേർഡ് വിമാനടിക്കറ്റ്  നിരക്കും എന്നർത്ഥം. രണ്ടാമത്തെ നിബന്ധന സർക്കാർ പട്ടികയിലെ മുൻഗണനാക്രമം  എന്നതാണ്. അതായതു, ടൂറിസ്റ്റ് വിസയിൽ പെട്ട് കിടക്കുന്നവരെയും പ്രായമായവരെയും ആദ്യം തിരികെ എത്തിക്കാൻ ശ്രമിക്കുക എന്നതുൾപ്പടെയുള്ള മുൻഗണനാക്രമം ചാർട്ടേർഡ് വിമാനങ്ങളും പാലിക്കണം. ഈ നിബന്ധന പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കണമെങ്കിൽ ഒരേ പട്ടികയിൽ നിന്ന്  (ഉദാ: നോർക്ക പട്ടിക) വേണം ആളുകൾക്ക് ടിക്കറ്റ് നൽകാൻ എന്ന് പറയേണ്ടിവരും. പക്ഷെ, അങ്ങനെ വരുമ്പോൾ, ദുബായ് ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടന ഏർപ്പാടാക്കുന്ന ചാർട്ടേർഡ് വിമാനത്തിൽ കൂടുതലും അബു ദാബി മലയാളികൾക്ക് ടിക്കറ്റ് നൽകേണ്ടിവന്നേക്കാം, ആ സമയത്തു മുൻഗണനാപട്ടികയിൽ കൂടുതലും അബു ദാബി മലയാളികൾ ആണെങ്കിൽ. അങ്ങനെ വരുമ്പോൾ ആ സന്നദ്ധസംഘടനയുടെ ചാർട്ടേർഡ് വിമാനം ഏർപ്പാടാക്കാൻ ഉള്ള ആർജവം തല്ലിക്കെടുത്തുന്നതാവും ആ നിബന്ധന. അത് കൊണ്ട് തന്നെ ഈ നിബന്ധന ഒരു പക്ഷെ പൂർണ്ണ അർത്ഥത്തിൽ നടപ്പാവില്ല എന്ന് അനുമാനിക്കേണ്ടിവരും. പക്ഷെ, ഈ നിബന്ധനയിൽനിന്നുള്ള വ്യതിചലനങ്ങൾ എന്ത് തരത്തിൽ ആവാം അഥവാ ആയിക്കൂട എന്നും ചിന്തിക്കേണ്ടതുണ്ട്.

നിബന്ധനകൾ എത്ര സദുദ്ദേശപരമായാലും അവയുടെ പരിണിതഫലം അങ്ങനെ തന്നെ ആവണം എന്നില്ല. സമൂഹത്തിലെ പല അസമത്വങ്ങൾ പല രീതിയിൽ പ്രവർത്തിക്കുമ്പോൾ ഏതൊരു സംവിധാനത്തിന്റെയും പരിണിത ഫലത്തിൽ വലിയ പ്രശ്നങ്ങൾ വന്നുകൂടായ്കയില്ല.ചാർട്ടേർഡ് വിമാനങ്ങൾ എന്തായി പരിണമിച്ചുകൂടാ  എന്ന് ചോദിക്കുന്നത് നല്ലതായിരിക്കും. യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിൽ ഉള്ള നിബന്ധനകൾ ഒരു പക്ഷെ അപ്പാടെ പാലിക്കപ്പെടാൻ സാധ്യത ഇല്ല എന്ന് പറഞ്ഞല്ലോ. എന്ത് തരത്തിൽ ഉള്ള പാലിക്കപ്പെടാതിരിക്കൽ ആണ് നമുക്ക് സ്വീകാര്യമാവുക, എന്ത് തരത്തിൽ ഉള്ളവയാണ് അസ്വീകാര്യമാവുക. ഒരു നഗരം കേന്ദ്രീകരിച്ചു നടത്തുന്ന ഒരു സന്നദ്ധസംഘടന അവരുടെ നഗരത്തിൽ നിന്നുള്ള യാത്രക്കാരെ മാത്രം അതിലേക്കു പരിഗണിച്ചാൽ, അത് സർക്കാർ മുൻഗണനാപ്രകാരമെങ്കിൽ തന്നെയും, നമുക്ക് അംഗീകരിക്കാൻ ആവുന്നതാണോ? ഇങ്ങനെ ഒരുപക്ഷെ ഒന്നോ രണ്ടോ വിമാനങ്ങൾ വന്നാൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നു പറയാം. പക്ഷെ, നിരന്തരം ഇങ്ങനെയുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ഉപയോഗിക്കപ്പെടുകയാണെങ്കിൽ ചെറുനഗരങ്ങളിൽ താമസിക്കുന്ന ഉയർന്ന മുൻ്ഗണന വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഒരു അസമത്വത്തിന്റെ വാതായനം തുറക്കുകയും ചെയ്യും. പ്രാദേശികമായ യാത്രക്കാരെ തിരഞ്ഞെടുക്കൽ എയർപോർട്ടിലേക്കുള്ള യാത്രയുടെ സൗകര്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഒരു പരിധി വരെ പ്രയോഗികയുക്തിയോടും കൂടെ ചേർന്ന് നിൽക്കുന്നുണ്ട്. മറ്റു ചില മാനദണ്ഡങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുണ്ട് എന്ന് നമുക്ക് കാണാം. ഉദാഹരണത്തിന് വർഗ്ഗ മത ജാതി മാനദണ്ഡങ്ങൾ തീർത്തും ഒഴിവാക്കേണ്ടതുണ്ട്, അത് ഇവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ ഏർപ്പാടാക്കുന്ന ചാർട്ടേർഡ് വിമാനങ്ങൾ ആണെങ്കിൽ തന്നെയും. അതായതു, മലയാളി വ്യവസായികളുടെ ഒരു ഉപരിവർഗ കൂട്ടായ്മ ഏർപ്പാടാക്കുന്ന ഒരു ചാർട്ടേർഡ് വിമാനത്തിൽ വ്യവസായികളെ  മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന് പറയുന്നത് അംഗീകരിക്കാവുന്നതല്ല.



നൈതികചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തിയാൽ തന്നെയും, ചാർട്ടേർഡ് ഫ്ലൈറ്റുകൾ 'തരക്കേടില്ലാത്ത' മാനദണ്ഡങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ എന്താണ് ചെയ്യുക? നേരത്തെ പറഞ്ഞ പോലെ അങ്ങനെ ഒരു ഉത്തരം ഉണ്ടെന്നു കരുതുക വയ്യ. നാം നമ്മുടെ സാമൂഹികസാഹചര്യത്തിനു ചേർന്ന് നിൽക്കുന്ന ഒരുത്തരം കണ്ടെത്തേണ്ടിവരും. ആ ഉത്തരത്തിലേക്കു നമ്മെ എത്തിക്കാൻ പ്രാപ്തിയുള്ള ഒരു മാർഗം സുതാര്യത ആണ് എന്ന് പൊതുവിൽ പറയാം. ഓരോ സന്നദ്ധസംഘടനയും ഫ്ലൈറ്റ് അനുമതി കിട്ടുമ്പോൾ മുതൽ ലഭ്യമായ ടിക്കറ്റും അതിനുള്ള മാനദണ്ഡങ്ങളും (ഉദാഹരണത്തിന്, പ്രദേശം അടിസ്ഥാനപ്പെടുത്തി ഉള്ള നിബന്ധകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്) പരസ്യമാക്കാൻ ശ്രമിക്കണം എന്നതാണ്. തങ്ങളുടെ ഫ്ലൈറ്റിൽ മുൻഗണനാ വിഭാഗങ്ങളിൽ പെട്ട എത്ര പേരെ നാട്ടിലേക്കെത്തിക്കാൻ കഴിഞ്ഞു എന്നതും പരസ്യമാക്കണം. ഇങ്ങനെ പരസ്യമാക്കുന്നതിലൂടെ അതാത് സംഘടനകളുടെ സ്വീകാര്യത വർധിക്കും എന്നതിൽ കവിഞ്ഞു തങ്ങളുടെ ചാർട്ടേർഡ് വിമാനങ്ങൾ ഒരു സാമൂഹിക കർത്തവ്യം നിർവഹിക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്യാം. അങ്ങനെ ചില സംഘടകൾ സുതാര്യതയിൽ ഒന്നി പ്രവർത്തിച്ചാൽ മറ്റു സംഘടനകൾക്കും ആ പാത പിന്തുടരുന്നതിനു സമ്മർദം സൃഷ്ടിക്കും എന്നും കാണാം. സുതാര്യതയിലൂടെ നമുക്ക് ഈ കാലത്തെ ഒരു മാതൃക സൃഷ്ടിക്കാം.

Comments

Popular posts from this blog

എന്തുകൊണ്ട് ചരിത്രം പഠിക്കണം?

ജൈവകൃഷി

ബോധവും ബോധമില്ലാത്ത (നിര്‍മ്മിത) ബുദ്ധിയും